മൂന്നുകഥകൾ

കാവൽ

മൊബൈലിന്റെ ബെല്ലടിക്കുന്നു.
ഭാര്യയാണ്. പകപ്പിന്റെ സ്വരം.
വീട്ടിൽ നിന്ന് കള്ളൻ കയറിയെന്ന്! ദൈവമേ ആർക്കെങ്കിലും?
ഇല്ല. ഭാഗ്യം. ആകെക്കൂടി കരുതിവച്ചിരുന്ന കുറെ പണം അയാൾകൊണ്ടുപോയി. ആരെയും ഉപദ്രവിച്ചിട്ടില്ല. രാത്രിയാണ്, എങ്ങനെ വീട്ടിലെത്തും. അയാൾ ഉൽകണ്ഠപ്പെട്ടു. വിഷു അടുത്തുവരുന്നു. കാശിന്റെ നൂറായിരം ആവശ്യങ്ങൾ. എന്തുചെയ്യും?

“സെക്യൂരിറ്റീ, എക്സ്ക്യൂസ് മി, ഈ കാർഡ് വർക്കാകുന്നില്ല.” ശബ്ദം കേട്ട് അയാൾ എ‌ടി‌എം കൌണ്ടറിന്റെ അകത്തേയ്ക്ക് ചെന്നു. കാർഡ് തിരിച്ചിട്ടതാവണം. വീണ്ടും ഒന്നുകൂടിയിട്ടപ്പോൾ മെഷീനിൽ ഡിക്ടക്റ്റ് ചെയ്തു. അയാൾ പുറത്ത് കസേരയിൽ വന്ന് വീണ്ടും വീടിനെയോർത്ത് വേപഥുപൂണ്ടു. നേരമൊന്നുവെളുത്തിരുന്നെങ്കിൽ…

*****
നിസ്സഹായം
“സെക്യൂരിറ്റീ, ഒന്നു സഹായിക്കാമോ?”
കൈയിലൊതുങ്ങാവുന്നതിൽ കൂടുതൽ ഷോപ്പിംഗ് ബാഗുകളുമായി ഒരു സ്ത്രീ.
ബാഗുകൾ ഒരു കൈയിൽ നിന്നു വാങ്ങി. എസ്കലേറ്ററിൽ കയറാൻ കൂട്ടാക്കാതെ നിൽക്കുന്ന കുഞ്ഞിന്റെ കൈപിടിച്ചിട്ടും, കുഞ്ഞ് കൈ പിറകോട്ടുവലിച്ചു. നിസ്സഹായതയിൽ സ്ത്രീ അയാളെ നോക്കി. കുട്ടിയെ എടുത്തുകൊണ്ട് ഇപ്പുറത്തെത്തിച്ചപ്പോൾ അവർക്ക് സമാധാനമായി. അയാൾ സ്വന്തം കുഞ്ഞിനെയോർത്തു, വീടിന്റെ തിണ്ണയിലെ പടികയറുമ്പോൾ ഇന്നലെ തെന്നിവീണ് കൈയ്ക്ക് ചെറിയ പരിക്ക്. ഇപ്പോഴും വേദനിക്കുന്നുണ്ടാവണം. ഇന്നലെ കരഞ്ഞ് ഒട്ടും ഉറങ്ങിയിട്ടില്ല.

*****
ആവലാതി

“ഹേയ്! ഹൌവ്യു ഡ്യൂഡ്”

വാതിലിനരികെ അയാൾക്കൊപ്പം, ഇപ്പോ ജീൻസ് അരയിൽ നിന്നൂർന്ന് താഴെപ്പോകും എന്ന മട്ടിൽ നിന്ന ഒരു പയ്യൻ ഫോണിൽ സംസാരിക്കുകയാണ്. ഇടത്തോട്ടും വലത്തോട്ടും നടന്ന് പിന്നെ മൂൺ‌വാക്ക് പ്രാക്ടീസ് ചെയ്യുന്ന പോലെ തെന്നിയും ഉരഞ്ഞും സംസാരിച്ചും നീങ്ങി. ഇടയ്ക്ക് ഡോറിന്റെ വാതിൽക്കലെത്തിയപ്പോൾ അയാൾ വാതിൽ തുറന്നു. പാർക്കിംഗ് ഏരിയായിൽ ഒരു കാർവന്നുനിന്നതുകണ്ട് അയാൾ പെട്ടെന്ന് അടുത്തുചെന്ന് ഡോർ തുറന്നു.

“വൈ കാണ്ട് വി ട്രൈ സം ചൈനീസ് ടുഡേ?” പുറത്തിറങ്ങുന്നതിനിടെ അടുത്തിരുന്ന ഭർത്താവിനോട് സ്ത്രീ ചോദിച്ചു.

സ്ത്രീയും പുരുഷനും അകത്തേയ്ക്കു കയറിപ്പോയി. വാതിൽ അടച്ച് അയാൾ പുറത്തെ വെയിലത്തേയ്ക്കു നോക്കി. ഇന്നും ലീവ് കിട്ടിയില്ല. റേഷൻ‌കട തുറക്കുന്ന സമയത്ത് ആരെ പറഞ്ഞുവിടാൻ? റേഷനരിവാങ്ങിയിരുന്നെങ്കിൽ, ഈ മാസത്തെ ചിലവ് നടന്നേനെ.

“സെക്യൂരിറ്റീ”…..

6 Responses to “മൂന്നുകഥകൾ”

  • SHAIJU :: ഷൈജു says:

    nalla kadha securitykalude jeevithavum avidathanne vairudyangalum eduthu kattunnu nice work

  • നല്ല മൂന്നു കഥകൾ. ആദ്യത്തെ കഥയിൽ നായകൻ എ.ടി.എം സെക്യൂരിറ്റി സ്റ്റാഫാണെന്നു പെട്ടെന്നു മനസ്സിലാവാൻ എന്തെങ്കിലും ചേർക്കാണമായിരുന്നെന്നു തോന്നി.

  • ശ്രീ says:

    യഥാര്‍ത്ഥ ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍… നന്നായി, സാല്‍ജോ ഭായ്.

    ഈസ്റ്റര്‍ ആശംസകള്‍!

  • Thank you Shaiju, Kareem mash & Shree.

    visit again.

  • sheeja says:

    Nice stories saljo
    For some reason I liked the first one more

  • ഈ ബ്ലോഗില്‍ എത്തുന്നത്‌ ആദ്യമായാണ് . നല്ല കഥ അതോടൊപ്പം ബ്ലോഗിന്റെ കെട്ടും മറ്റും കലക്കി . അപ്പോള്‍ ഇനി ഇടക്കിടക്ക് കാണാം

  • Leave a Reply